തിരുവനന്തപുരം: ശബരിമല കന്നിമാസ പൂജയ്ക്കെത്തിയ ഭക്തർക്ക് അരവണയും അപ്പവും ലഭിക്കാതിരുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി കെ. മുരളീധരൻ. നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് പ്രസാദം ഉറപ്പാക്കേണ്ടത് ദേവസ്വം ബോർഡിന്റെ പൂർണ ഉത്തരവാദിത്തമാണെന്നും ഇനിയൊരു പരീക്ഷണത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
അരവണ പ്ലാന്റിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ നട തുറന്ന സമയത്ത് നടത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ വിമർശനം. സാധാരണയായി നട അടച്ചിരിക്കുന്ന സമയത്താണ് ഇത്തരം അറ്റകുറ്റപ്പണികളും പ്ലാന്റ് ശുദ്ധീകരണവും നടത്താറുള്ളത്. നട അടച്ച സമയത്ത് പണികൾ നടത്തുകയോ, അല്ലെങ്കിൽ ബദൽ സംവിധാനം ഒരുക്കുകയോ ചെയ്യേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പരസ്പരം പ്രസ്താവനകൾ ഇറക്കുന്നതിൽ കാര്യമില്ല. വിഷയത്തിൽ സർക്കാർ ഉത്തരവാദിത്തം നിർവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കിൽ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ഉത്സവ നടത്തിപ്പിനായി പ്രത്യേക ടീമിനെ നിയോഗിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ അനുമതിയോടെ ഇത് നടപ്പാക്കണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഭക്തർക്കുള്ള ഒരു ആനുകൂല്യവും മുടങ്ങാൻ പാടില്ല. മണ്ഡലകാലത്തിന് മുമ്പ് ദർശനത്തിനെത്തുന്നവർക്ക് അരവണയും അപ്പവും വേണ്ടേയെന്നും മന്ത്രി ചോദിച്ചു. കന്നിമാസ പൂജയ്ക്കെത്തിയ ഭക്തർക്ക് ഒരാൾക്ക് ഒരു അരവണ എന്ന നിലയിലാണ് വിതരണം നടത്തിയത്.
മണിക്കൂറുകളോളം ക്യൂ നിന്നിട്ടും അരവണ ലഭിക്കാതെ മടങ്ങേണ്ടിവന്നതായി നിരവധി പരാതികളുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തർക്കും അരവണയും അപ്പവും ലഭിക്കാതെ മടങ്ങേണ്ടിവന്നിരുന്നു.